ആർട്ടെമിസ് 2 ദൗത്യം: ചന്ദ്രവഴിയിൽ പാതി പിന്നിട്ട് 4 പേർ

ചന്ദ്രനിലേക്കുള്ള യാത്രയിൽ വിജയകരമായി പാതിവഴി പിന്നിട്ട് ആർട്ടെമിസ് 2 ദൗത്യസംഘം. നാല് പേരുമായുള്ള ഓറിയോൺ പേടകം ചൊവ്വാഴ്ചയോടെ ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ യാത്രികർ തുടങ്ങി. പേടകത്തിന്റെ നിയന്ത്രണ, ആശയവിനിമയ സംവിധാനങ്ങളുടെ കാര്യക്ഷമതയും ആവർത്തിച്ച് പരിശോധിക്കുന്നുണ്ട്. ആറാം ദിവസം ചന്ദ്രന്റെ 7,000 കിലോമീറ്റർ അടുത്ത് വരെ പേടകം എത്തും. ഭാവിയിൽ മനുഷ്യൻ ഇറങ്ങേണ്ട ദക്ഷിണ ധ്രുവത്തിലെ മേഖലകൾ നിരീക്ഷിക്കും. ചന്ദ്രന്റെ മറുപുറത്തെ പറ്റി പഠിക്കും. തുടർന്ന് മടക്കയാത്ര.

മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൺ എന്നിവരുമായി വെള്ളിയാഴ്ച പുലർച്ചെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഓറിയോൺ പേടകം യാത്ര തുടങ്ങിയത്. ഭൂമിയെ വലംവെച്ച പേടകം അന്നുതന്നെ ചന്ദ്രനിലേക്ക് വഴി തിരിഞ്ഞു. പ്രധാന എൻജിൻ ആറുമിനിറ്റ് ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്.

വിദൂരതയിൽ നിന്ന് ഭൂമിയുടെ ഒറ്റ ഫ്രെയിമിലുള്ള നിരവധി ചിത്രങ്ങൾ സംഘം എടുത്ത് അയച്ചു. മാധ്യമ പ്രവർത്തകരുമായി സംവദിച്ചു. ഭക്ഷണം കഴിക്കുന്നതിന്റെയും വ്യായാമം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ചു. 10 ദിവസം നീളുന്ന യാത്രയിൽ 22 ലക്ഷം കിലോമീറ്റർ ദൂരമാണ് സംഘം സഞ്ചരിക്കുക. ആർട്ടെമിസ് 4 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുക. 1972-ന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് പോകുന്നത് ആദ്യമായാണ്.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi