'പണി' വരുന്നുണ്ട്... ക്ലോഡ് മിത്തോസ് വഴി

സൈബർ സുരക്ഷയിലും വെല്ലുവിളി ഉയർത്തി നിർമിതബുദ്ധി

സൈബർ സുരക്ഷയിൽ ബാങ്കുകളുടെയും ടെലികോം കമ്പനികളുടെയുമെല്ലാം ഉറക്കം കെടുത്തിയേക്കാവുന്ന പുതിയ വെല്ലുവിളിയുമായി അമേരിക്കൻ എ.ഐ. കമ്പനിയായ ആന്ത്രോപ്പിക്കിൽ (Anthropic) നിന്നുള്ള പുതിയ എ.ഐ. മോഡൽ എത്തുന്നു. ക്ലോഡ് മിത്തോസ് (Claude Mythos) പോലുള്ള എ.ഐ. ടൂളുകളുടെ വരവിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

എന്താണ് മിത്തോസ്?

ആന്ത്രോപ്പിക്കിന്റെ 'പ്രോജക്റ്റ് ഗ്ലാസ് വിങ്' എന്ന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പ്രിവ്യൂ എ.ഐ. മോഡലാണ് മിത്തോസ്. പൊതു ആവശ്യങ്ങൾക്കുള്ള സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, സൈബർ പ്രതിരോധവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപപ്പെടുത്തിയതാണ് ഇത്. ഔദ്യോഗികമായി ഇത് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ആശങ്കയേറ്റുന്ന സുരക്ഷാ ഭീഷണി

ബാങ്കുകൾ മാത്രമല്ല, പവർ ഗ്രിഡ്, എണ്ണക്കുഴലുകൾ, ടെലികോം നെറ്റ്‌വർക്കുകൾ, ഫാക്ടറികൾ തുടങ്ങിയ നിർണ്ണായക മേഖലകളിലെല്ലാം ഇത് സൈബർ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ എ.ഐ. ടൂൾ തെറ്റായ കൈകളിൽ എത്തിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഇവയാണ്:

  • ബഗ്ഗുകൾ കണ്ടെത്തൽ: വർഷങ്ങൾ പഴക്കമുള്ള സിസ്റ്റം പിഴവുകളും പോർട്ടലുകളിലെ ദുർബലതകളും (Bugs) എളുപ്പത്തിൽ കണ്ടെത്താൻ ഹാക്കർമാരെ ഇത് സഹായിക്കും.

  • സേവനങ്ങൾ തടസ്സപ്പെടുക: ബാങ്കിംഗ്, ടെലികോം മേഖലകളിൽ സൈബർ ആക്രമണം ഉണ്ടായാൽ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ചേക്കാം.

  • വ്യക്തിവിവര ചോർച്ച: ആളുകളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും മോഷ്ടിക്കപ്പെടാൻ ഇത് കാരണമാകും.

  • വിശ്വാസ്യത തകരുക: സിസ്റ്റങ്ങളുടെ വിശ്വാസ്യതയെ ഇത് വലിയ രീതിയിൽ ബാധിക്കുകയും ജനജീവിതത്തെ നേരിട്ട് ബാധിക്കുകയും ചെയ്യും.

സാങ്കേതികവിദ്യ വളരുമ്പോൾ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളും വർദ്ധിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം മുന്നറിയിപ്പുകൾ. അതീവ ജാഗ്രതയോടെ മാത്രമേ ഡിജിറ്റൽ ലോകത്തെ പുതിയ മാറ്റങ്ങളെ നമുക്ക് നേരിടാനാവൂ.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi