പേപ്പാറ വന്യജീവി സങ്കേതത്തിൽ അപൂർവ പക്ഷികൾ; കണ്ടെത്തിയത് 166 ഇനം

തിരുവനന്തപുരം: പേപ്പാറ വന്യജീവി സങ്കേതത്തിൽ നടത്തിയ വേനൽക്കാല പക്ഷി കണക്കെടുപ്പിൽ 166 ഇനം പക്ഷികളെ കണ്ടെത്തി. വന്യജീവി വിഭാഗവും സാമൂഹിക വനവൽക്കരണ വിഭാഗവും പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ 'വാർബ്ലേഴ്സ് ആൻഡ് വേഡേഴ്സും' ചേർന്നാണ് ഈ സർവേ നടത്തിയത്. പേപ്പാറ, കാണിത്തടം, ബോണക്കാട്, പാണ്ഡിപ്പത്ത്, ആട്ടുയാർ, അതിരുമല എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്.

പ്രധാന കണ്ടെത്തലുകൾ

സർവേയിൽ കണ്ടെത്തിയ പ്രധാന പക്ഷി ഇനങ്ങൾ ഇവയാണ്:

  • ആശാംബു ചിലപ്പൻ

  • പതുങ്ങൻ ചിലപ്പൻ

  • കരിഞ്ചെമ്പൻ പാറ്റപിടിയൻ

  • നീലക്കിളി പാറ്റപിടിയൻ

  • കൊമ്പൻ കാട്ടുമൂങ്ങ

  • കൊളളിക്കുറുവൻ മൂങ്ങ

  • വലിയ കിന്നരിപ്പരുന്ത്

  • കരിമ്പരുന്ത്

  • ബസാർഡ് പരുന്ത്

  • ഷഹീൻ കാട്ടുപരുന്ത്

  • നീലപ്പാറക്കിളി

  • മഞ്ഞ ഇലക്കുരുവി

  • ടിറ്റ്‌ലർ ഇലക്കുരുവി

  • ചെവിയൻ രാച്ചുക്ക്

  • കാട്ടുവേലിത്തത്ത

  • കാക്കമരങ്കൊത്തി

  • മലമുഴക്കി വേഴാമ്പൽ

  • മരപ്രാവ്

  • ആറ്റുമണൽ കോഴി

പ്രത്യേകതകൾ

ഇലപൊഴിയും കാടുകളിലും വരണ്ട കാടുകളിലും കാണപ്പെടുന്ന ചെറുകുയിലിനെ അഗസ്ത്യകൂടത്തിനടുത്തുള്ള നനവാർന്ന കാടുകളിലാണ് ഇത്തവണ കണ്ടത്. അപൂർവമായ പതുങ്ങൻ ചിലപ്പൻ രണ്ട് വർഷത്തിനിടയ്ക്കാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഇതോടെ പേപ്പാറയിൽ കണ്ടെത്തിയ ആകെ പക്ഷി ഇനങ്ങളുടെ എണ്ണം 207 ആയി ഉയർന്നു.

സർവേ നേതൃത്വം

വേനൽക്കാല പക്ഷി സർവേ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ കെ. എൻ. ശ്യാം മോഹൻലാൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ സജു എസ്. നായർ അധ്യക്ഷനായി. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സലീൻ ജോസ്, റേഞ്ച് ഓഫീസർ മെറീന എന്നിവർ സംസാരിച്ചു.

വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദ്, പക്ഷിനിരീക്ഷകരായ സി. സുശാന്ത്, എസ്. രാജീവൻ, കെ. ഹരികുമാർ, സി. ജി. അരുൺ, ഡോ. അഭിറാം ചന്ദ്രൻ, ഡോ. ഉഷ ബാലരാമൻ, എസ്. എസ്. അനൂജ്, വി. വിനോദ്കുമാർ, ധനുഷ് മുണ്ടേല, ഡോ. ബൈസൺ ജോർജ് എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi