വരുന്നു എയർ ടാക്സി, ആംബുലൻസ്; ബാറ്റിറിയിൽ പറക്കും 'ശൂന്യ'; വെർട്ടി പോർട്ട് ഒരുക്കാൻ സിയാൽ

കൊച്ചി: ചെലവ് കുറഞ്ഞ എയർ ടാക്സിയും എയർ ആംബുലൻസ് സർവീസും തുടങ്ങാൻ ബംഗളൂരു ആസ്ഥാനമായ എയ്റോസ്പേസ് സ്റ്റാർട്ടപ്പ് സർല ഏവിയേഷനുമായി സിയാലും ആസ്റ്റർ മെഡ്സിറ്റിയും ധാരണയിലെത്തി. കൊച്ചി വിമാനത്താവളത്തെയും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്. അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് കുറഞ്ഞ സൗകര്യത്തിലും ചെലവിലും പ്രയോജനപ്പെടുത്താവുന്ന സംവിധാനം എന്ന നിലയിലാണ് സർലയുമായുള്ള സഹകരണത്തിന് ആസ്റ്റർ ധാരണയിലെത്തിയിട്ടുള്ളത്.

ഹെലികോപ്റ്റർ പോലെ പറന്നുയരുകയും ഇറങ്ങുകയും ചെയ്യാവുന്നതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ 'ശൂന്യ' എന്ന ചെറുവിമാനമാണ് ഇതിനായി സർല ഏവിയേഷൻ വികസിപ്പിക്കുന്നത്.

'ശൂന്യ' വിമാനത്തിന്റെ പ്രത്യേകതകൾ:

  • വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനമാണ് ശൂന്യ.

  • പൈലറ്റ് ഉൾപ്പെടെ ഏഴുപേർക്ക് ഒരേസമയം യാത്ര ചെയ്യാം.

  • മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വേഗത.

  • ഒറ്റ ചാർജിങ്ങിൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാം.

വെർട്ടി പോർട്ടും വികസനവും

ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (eVTOL) സാങ്കേതികവിദ്യയിൽ ശൂന്യയ്ക്ക് വെർട്ടി പോർട്ട് ഒരുക്കാനുള്ള സഹായം സർലയുമായുള്ള ധാരണപ്രകാരം സിയാൽ ചെയ്യും. വിമാനത്താവളത്തിനകത്തോ സമീപത്തോ ആകും വെർട്ടി പോർട്ട് വരിക. ലാൻഡിങ് പാഡുകൾ, കാർ പാർക്കിങ്, എയർ ടാക്സികൾക്കുള്ള ചാർജിങ് സംവിധാനം എന്നിവയാണ് വെർട്ടി പോർട്ടിലുണ്ടാകുക.

കൊച്ചിയിൽ നിന്ന് മൂന്നാർ, ആലപ്പുഴ, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ശബരിമല പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളെയും മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെ ആശുപത്രികളെയും ബന്ധിപ്പിച്ച് എയർ ടാക്സി കോറിഡോറുകൾ വികസിപ്പിക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്.

സമയവും ലാഭവും

  • കാറിൽ 45 മിനിറ്റ് ആവശ്യമുള്ള യാത്രയ്ക്ക് എയർ ടാക്സിയിൽ വെറും 10 മിനിറ്റ് മതിയാകും.

  • 2500 രൂപ ചെലവുള്ള റോഡ് യാത്ര 1700 രൂപയ്ക്ക് ശൂന്യ എയർ ടാക്സിയിൽ പൂർത്തിയാക്കാനാകുമെന്ന് കണക്കാക്കുന്നു.

ഭാവി പദ്ധതികൾ

ശൂന്യയുടെ ഡിജിറ്റൽ രൂപകൽപ്പനയും പരീക്ഷണങ്ങളും ഒരു വർഷം മുൻപേ പൂർത്തിയായിരുന്നു. ഇപ്പോൾ യഥാർത്ഥ വിമാനത്തിന്റെ പകുതി മാത്രം വലിപ്പമുള്ള മാതൃക ഉപയോഗിച്ചുള്ള ഗ്രൗണ്ട് ടെസ്റ്റിങ് ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ ബംഗളൂരുവിൽ നടക്കുകയാണ്. 15 മീറ്റർ ചിറക് വലിപ്പമുള്ള വിമാനം 2028-ഓടെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഇൻഡിഗോ എയർ, ഫ്ലിപ്കാർട്ട്, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ കമ്പനികൾ ഈ സംരംഭത്തിൽ സാമ്പത്തിക പങ്കാളികളാണ്.

ഹെലികോപ്റ്റർ എയർ ആംബുലൻസിനേക്കാൾ ചെലവ് കുറഞ്ഞതും കുറഞ്ഞ സൗകര്യത്തിൽ പ്രവർത്തിപ്പിക്കാവുന്നതുമാണ് സർലയുടെ എയർ ആംബുലൻസ്. അതിവേഗ നഗരവൽക്കരണം നടക്കുന്ന കേരളത്തിൽ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനാകും.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi