സൈലന്റ് വാലിയിൽ ആദ്യമായി സമഗ്ര പക്ഷിനിരീക്ഷണം
സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സംരക്ഷിത വനമേഖലയും ബഫർ സോണും ഉൾപ്പെടുത്തി ആദ്യമായി സമഗ്ര പക്ഷിനിരീക്ഷണം നടത്തി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും 85 പക്ഷിനിരീക്ഷകരാണ് സർവേയുടെ ഭാഗമായത്. 192 ഇനം പക്ഷികളെ തിരിച്ചറിഞ്ഞു. അപൂർവമായി മാത്രം കാണുന്ന ദേശാടനപ്പക്ഷികളായ ഏഷ്യൻ ഹൗസ് മാർട്ടിൻ, വെസ്റ്റേൺ ഹൗസ് മാർട്ടിൻ എന്നിവയെയും സർവേയിൽ കണ്ടെത്തി.
വനവകുപ്പും മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും (എം.എൻ.എച്ച്.എസ്.) ചേർന്നാണ് സർവേ നടത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന നീലഗിരി ചിലപ്പൻ, കാട്ടുനീലി, നീലഗിരി ഷോലക്കിളി, ചെറുവയറൻ ഷോലക്കിളി തുടങ്ങി 20 ഇനങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രധാന കണ്ടെത്തലുകൾ:
തിരിച്ചറിഞ്ഞത് 192 ഇനം പക്ഷികളെ.
20 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവ.
കേരളത്തിൽ സ്ഥിരവാസികളായ മാക്കാച്ചിക്കാട, റാച്ചുക്ക്, ലളിതകാക്ക, തീക്കാക്ക, ചെറൂതൻകിളി, മഞ്ഞത്തേനുകിളി, കോഴിവേഴാമ്പൽ, മലമുഴക്കി വേഴാമ്പൽ തുടങ്ങി 11 ഇനങ്ങൾ പ്രജനനത്തിനായി കൂടുകൂട്ടുന്നതും സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയോദ്യാനത്തിലെ വിവിധ മേഖലകളിൽ മുൻപ് പലതവണയായി പക്ഷിനിരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ വരുന്ന 21 ക്യാമ്പുകളിലും വിപുലമായി സർവേ നടത്തുന്നത് ഇതാദ്യമാണ്. നീലഗിരിയിലെ ഉന്നത മലനിരകൾക്ക് സമാനമായ ആവാസവ്യവസ്ഥയുള്ളതും മുക്കുരുത്തി ദേശീയോദ്യാനത്തോട് ചേർന്ന് കിടക്കുന്നതുമായ മീനമുട്ടി, സിസ് പാറ, അക്കിങ്ങ തുടങ്ങി എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള ഇടങ്ങളിൽ വരെ പക്ഷിനിരീക്ഷകരെത്തി താമസിച്ച് സർവേ നടത്തി.
സർവേ ക്യാമ്പ് സൈലന്റ് വാലി ദേശീയോദ്യാനം വൈൽഡ് ലൈഫ് വാർഡൻ ജി. ഹരികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അസി. വൈൽഡ് ലൈഫ് വാർഡൻ വി.എസ്. വിഷ്ണു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഇ. ബിജുമോൻ, എം.എൻ.എച്ച്.എസ്. അംഗങ്ങളായ ജാഫർ പാലോട്ട്, സത്യൻ മേപ്പയൂർ എന്നിവർ നേതൃത്വം നൽകി.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment