എം.പി. വീരേന്ദ്രകുമാർ ദേശീയ പുരസ്കാരം സുനിത കൃഷ്ണന്
മാതൃഭൂമി മുൻ മാനേജിങ് ഡയറക്ടറും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ ദേശീയ പുരസ്കാരത്തിന് സാമൂഹിക പ്രവർത്തകയും പത്മശ്രീ ജേതാവുമായ സുനിത കൃഷ്ണൻ അർഹയായി. അശരണരായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി അവർ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെ മാനിച്ചാണ് ഈ ബഹുമതി.
പുരസ്കാരത്തെക്കുറിച്ച്
അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എം.പി. വീരേന്ദ്രകുമാറിന്റെ ചരമദിനമായ മേയ് 28-ന് കോഴിക്കോട്ടുവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
സുനിത കൃഷ്ണന്റെ സേവനങ്ങൾ
മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനായി സുനിത കൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച 'പ്രജ്വല' എന്ന സംഘടന ആയിരക്കണക്കിന് സ്ത്രീകൾക്കും കുട്ടികൾക്കുമാണ് താങ്ങും തണലുമാകുന്നത്. ഇരകൾക്ക് വിദ്യാഭ്യാസം, നിയമസഹായം, തൊഴിൽ പരിശീലനം എന്നിവ നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ 'പ്രജ്വല' വലിയ പങ്കുവഹിക്കുന്നു.
ജൂറി പ്രസ്താവന
ജസ്റ്റിസ് കെ.ടി. തോമസ്, നോവലിസ്റ്റ് സാറാ ജോസഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന എം.പി. വീരേന്ദ്രകുമാറിന്റെ എക്കാലത്തെയും നിലപാടിനുള്ള അംഗീകാരം കൂടിയായി ഈ പുരസ്കാരം മാറുന്നു.
അവാർഡ് ദാന ചടങ്ങ്
രാജ്യസഭ എം.പി.യും എഴുത്തുകാരനുമായ ജയറാം രമേശ്, ജസ്റ്റിസ് കെ. ചന്ദ്രു എന്നിവർ അവാർഡ് സമർപ്പണ ചടങ്ങിൽ പങ്കെടുക്കുമെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എന്നിവർ അറിയിച്ചു. 'അപ്പിക്കോ' പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പാണ്ഡുരംഗ് ഹെഗ്ഡെയായിരുന്നു ഈ പുരസ്കാരത്തിന്റെ പ്രഥമ ജേതാവ്.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment