തോമസ് കപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം
ഇന്ത്യയെ തോൽപിച്ച് ഫ്രാൻസ് (3-0) ഫൈനലിൽ
ഹോർസെൻസ് (ഡെന്മാർക്ക്): ബാഡ്മിന്റണിലെ ലോക പുരുഷ ടീം ചാമ്പ്യൻഷിപ്പായ തോമസ് കപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം. അട്ടിമറി വിജയങ്ങളുമായി ടൂർണമെന്റിൽ വിസ്മയക്കുതിപ്പ് കാട്ടിയ ഇന്ത്യൻ ടീം സെമിയിൽ ഫ്രാൻസിനോട് കീഴടങ്ങി. 2022-ൽ ചാമ്പ്യന്മാരായ ഇന്ത്യയുടെ തോമസ് കപ്പിലെ അഞ്ചാം മെഡൽ നേട്ടമാണിത്. 1952, 1955, 1979 വർഷങ്ങളിൽ ഇന്ത്യ തോമസ് കപ്പിൽ വെങ്കലം നേടിയിരുന്നു. വെള്ളിയാഴ്ച ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്‌പേയിയെ അനായാസം വീഴ്ത്തി (3-0) സെമിയിലെത്തിയതോടെയാണ് ഇന്ത്യൻ ടീം തോമസ് കപ്പിൽ മെഡലുറപ്പിച്ചത്.
ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റ സുപ്പീരിയർ താരം ലക്ഷ്യ സെൻ പുറത്തിരുന്നത് സെമിഫൈനലിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി. ലക്ഷ്യയുടെ അഭാവത്തിൽ ആദ്യ സിംഗിൾസ് മത്സരത്തിനിറങ്ങിയ യുവതാരം ആയുഷ് ഷെട്ടിക്ക് നിർണായക പോരാട്ടത്തിൽ ലക്ഷ്യം പിഴച്ചു. ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ ഫൈനൽ വരെ ഒരു മത്സരം പോലും തോൽക്കാതെ മുന്നേറിയ ആയുഷിനെ, ഫ്രാൻസിന്റെ ലോക നാലാം നമ്പർ ക്രിസ്റ്റോ പോപോവ് (11-21, 9-21) സെമിയിൽ അനായാസം തോൽപ്പിച്ചു.
രണ്ടാം സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ കിഡംബി ശ്രീകാന്തിനെ കളത്തിലിറക്കിയെങ്കിലും ഇന്ത്യയ്ക്ക് തിരിച്ചടിക്കാനായില്ല. 41 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ശ്രീകാന്തിനെ അലക്സ് ലാനിയർ വീഴ്ത്തിയതോടെ (21-16, 21-18) ഫ്രാൻസ് ലീഡ് 2-0 ആയി ഉയർത്തി.
2022 തോമസ് കപ്പിൽ ഇന്ത്യയുടെ കിരീട കുതിപ്പിന്റെ ബാറ്റൺ പിടിച്ച എച്ച്.എസ്. പ്രണോയിയുടെ ഊഴമായിരുന്നു അടുത്തത്. തോമ ജൂനിയർ പോപോവിനെതിരായ മൂന്നാം സിംഗിൾസ് മത്സരത്തിന്റെ തുടക്കത്തിൽ പ്രണോയ് ലീഡ് നേടിയതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷയായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പ്രണോയ് 19-18ന് നേരിയ ലീഡ് നേടിയെങ്കിലും അവസാന നിമിഷം തുടരെ 3 പോയിന്റുകളുമായി തോമ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും തുടക്കത്തിലെ ലീഡ് നഷ്ടപ്പെടുത്തി പ്രണോയി ഗെയിം കൈവിട്ടതോടെ, (21-19, 21-16) 2 മത്സരങ്ങൾ ബാക്കിനിൽക്കെ ഫ്രാൻസ് ജയവും ഫൈനൽ ബെർത്തും ഉറപ്പിച്ചു.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment