ഏകീകൃത സിവിൽ കോഡ് പലതിനും പരിഹാരം: നടപ്പാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ശരിയത്ത് നിയമത്തിലടക്കം വ്യക്തിനിയമങ്ങളിലെ പോരായ്മകൾക്ക് ഏകീകൃത സിവിൽ കോഡ് (യു.സി.സി) ഉത്തരമാകുമെന്ന ഉറച്ച നിലപാടിൽ സുപ്രീംകോടതി. പിൻതുടർച്ചാവകാശത്തിലുൾപ്പെടെ മുസ്ലീം സ്ത്രീകൾ നേരിടുന്ന വിവേചനമെന്ന ഹർജികൾ പരിഗണിക്കവേയാണ് കോഡ് വരാൻ സമയമായെന്ന താൽപ്പര്യം കോടതി ആവർത്തിച്ചത്.
1937-ലെ മുസ്ലീം പേഴ്സണൽ ലാ (ശരിയത്ത്) ആപ്ലിക്കേഷൻ ആക്ടിലെ വ്യവസ്ഥകളെയാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്. മുസ്ലീം പിന്തുടർച്ചാവകാശ വിഷയത്തിൽ മറ്റൊരു നിയമം നിലവിലില്ലാത്ത സാഹചര്യത്തിൽ നിലവിലെ നിയമം റദ്ദാക്കിയാൽ ശൂന്യതയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഇത്തരം കാര്യങ്ങൾ നിയമനിർമ്മാണ സഭയുടെ വിവേചനത്തിന് വിടുകയാണ് ഉചിതം. അങ്ങനെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാവശ്യമായ നിയമം കൊണ്ടുവരാനാകും. ഒരാൾക്ക് ഒരാളെയെന്നത് എല്ലാ സമുദായത്തിനും ഒരുപോലെ ബാധകമല്ല.
ബഹുഭാര്യാത്വ ബന്ധങ്ങളെ അസാധുവായി പ്രഖ്യാപിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാൻ നിയമനിർമ്മാണ സഭയെ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമം റദ്ദാക്കിയാൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം ഉപയോഗിക്കാനാകുമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മുസ്ലീം സ്ത്രീകൾക്കും സ്വത്തിൽ തുല്യ അവകാശമുണ്ടെന്ന് വിധിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. അതേസമയം, വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയാൽ പോംവഴി എന്താണെന്ന് വ്യക്തമാക്കി ഹർജി ഭേദഗതി ചെയ്യാൻ കോടതി അനുമതി നൽകി.
പ്രധാന നിരീക്ഷണങ്ങൾ:
പരിഗണിച്ചത്: മുസ്ലീം പിന്തുടർച്ചാവകാശ വിഷയം.
കോടതി നിലപാട്: നിയമനിർമ്മാണ സഭയുടെ വിവേചനത്തിന് വിടണം.
രാഷ്ട്രീയ വിഷയം
1985-ലെ ഷാബാനു കേസിലാണ് ഏകീകൃത സിവിൽ കോഡ് രാഷ്ട്രീയ വിഷയമാകുന്നത്. കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി ശുപാർശ ചെയ്തെങ്കിലും അന്നത്തെ രാജീവ് ഗാന്ധി സർക്കാർ പിന്നീട് പിൻവാങ്ങി. 2019 നവംബറിലും 2020 മാർച്ചിലും പ്രത്യേക ബിൽ കൊണ്ടുവരാൻ മോദി സർക്കാർ ആലോചിച്ചെങ്കിലും ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പ് ഉയർന്നു.
എന്താണ് യു.സി.സി?
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം, ദത്തെടുക്കൽ മുതലായ കാര്യങ്ങളിൽ ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരെയും ഒരേ നിയമ വ്യവസ്ഥയ്ക്കുള്ളിൽ കൊണ്ടുവരാനാണ് ഏകീകൃത സിവിൽ കോഡ് ലക്ഷ്യമിടുന്നത്. ഗോവയിൽ ഈ നിയമം നിലവിലുണ്ട്. പോർച്ചുഗീസ് സിവിൽ കോഡിൽ നിന്നാണ് ഗോവ സിവിൽ കോഡിന്റെ ഉത്ഭവം.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment