മയക്കുവെടി ഇനിയെളുപ്പം, ഡ്രോൺ 'ഗജാസ്ത്രം' റെഡി
വന്യജീവി സംഘർഷം പതിവായ മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസവാർത്തയുമായി ഡ്രോൺ 'ഗജാസ്ത്രം' സജ്ജമായിരിക്കുന്നു. അക്രമാകാരികളായ ആനകളെ തളയ്ക്കാൻ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല. ഡ്രോൺ ഉപയോഗിച്ച് മയക്കുവെടി വയ്ക്കാനുള്ള ഈ നൂതന വിദ്യ വികസിപ്പിച്ചെടുത്തത് മൂന്ന് പതിറ്റാണ്ടിലേറെയായി ആനചികിത്സാ രംഗത്തുള്ള ഡോ. പി.ബി. ഗിരിദാസാണ്.
തൃശ്ശൂരിലെത്തിയ ഉപരാഷ്ട്രപതിയാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഡമ്മികളിൽ മയക്കുവെടി വച്ചുനോക്കിയുള്ള പരീക്ഷണം വിജയകരമാണെന്നും ആവശ്യമുള്ള ഘട്ടത്തിൽ ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്നും ഡോ. ഗിരിദാസ് കേരളകൗമുദിയോട് പറഞ്ഞു.
എന്താണ് 'ഗജാസ്ത്രം'?
500 മീറ്റർ അകലെനിന്ന് കൃത്യതയോടെ മയക്കുവെടി വയ്ക്കാവുന്ന സംവിധാനമാണ് ഗജാസ്ത്രം.
റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ മയക്കുവെടിക്കുള്ള ക്യാപ്‌ചർ ഗണ്ണും സിറിഞ്ചും മരുന്നും അടക്കം സജ്ജമാണ്.
മൊബൈൽ സ്ക്രീനിൽ ആനയെ കണ്ട് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് വെടി വയ്ക്കാം.
മൊബൈലുമായി ബന്ധിപ്പിച്ച ജി.പി.എസ് സംവിധാനവും ക്യാമറയും വഴി കൃത്യത ഉറപ്പാക്കാം.
പദ്ധതിയുടെ പിന്നിൽ
എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് റിമോട്ട് പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയാണ് ഡോ. ഗിരിദാസ് ഈ സംവിധാനം ഒരുക്കിയത്.
ഒമ്പത് ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പദ്ധതിക്കായി സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ധനസഹായം നൽകി.
തമിഴ്‌നാട് ആസ്ഥാനമായ ഗരുഡ കമ്പനിയുടെ ഡ്രോൺ, പാറവട്ടാണി സ്വദേശിയായ ഇന്റീരിയർ ഡിസൈനർ ജി. വിനോദ് കുമാറിന്റെ സഹായത്തോടെയാണ് രൂപാന്തരപ്പെടുത്തിയത്.
തമിഴ്‌നാട് മുൻ വൈൽഡ് ലൈഫ് വാർഡൻ ഡോ. അജിത് ബാബു, അസി. ഡയറക്ടർ ഡോ. മനോജ് മാത്യു എസ്.പി.സി.എ ഇൻസ്പെക്ടർ ഇ. അനിൽ എന്നിവരും ഈ പദ്ധതിയിൽ സഹായിച്ചു.
For All India Current Affairs (Date Wise ) : Click Here
ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക - Daily Current Affairs For All Competitive Exams From eAriv Samskrithi
Post a Comment
Post a Comment