മാതൃഭൂമി സാഹിത്യ പുരസ്കാരം മേതിൽ രാധാകൃഷ്ണന്

പുരസ്കാര സമർപ്പണം മാർച്ച് 18-ന് കോഴിക്കോട്ട്

കോഴിക്കോട്: ജ്വലിക്കുന്ന ഭാഷകൊണ്ടും വിസ്മയകരമായ ഭാവനകൊണ്ടും സൂക്ഷ്മമായ ബൗദ്ധികതകൊണ്ടും മലയാളസാഹിത്യത്തിലെ സാമ്പ്രദായിക കാലത്തെ മാറ്റിമറിച്ച എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് 2025-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

സി. രാധാകൃഷ്ണൻ, സാറാ ജോസഫ്, കല്പറ്റ നാരായണൻ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ എന്നിവർ അറിയിച്ചു.

അസാമാന്യമായ വിഷനും അഗാധമായ ശാസ്ത്രബോധവും വേറിട്ടുനിൽക്കുന്ന സൗന്ദര്യദർശനങ്ങളും കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് പുരസ്കാര നിർണ്ണയസമിതി വിലയിരുത്തി. ചുഴിഞ്ഞുചിന്തിക്കുന്ന കൃതികളാണ് മേതിലിന്റേത്. അവ ഒരേസമയം വായനക്കാരന് വെല്ലുവിളികളും വെളിപാടുകളുമാണ്. കവിതയും സംഗീതശാസ്ത്രവും സ്പോർട്സും ചിത്രവും പരിസ്ഥിതിയും നരവംശ ശാസ്ത്രവും ഈ എഴുത്തുകാരനോട് ഉള്ളഴിഞ്ഞു സംവദിച്ചു. തനിക്കല്ലാതെ എഴുതാനാവാത്തതാണ് ഈ മാന്ത്രികൻ എഴുതിയിട്ടുള്ളതെല്ലാം. ഉള്ളടക്കം എന്നതുപോലെ രൂപശില്പത്തിലും ഭാഷയിൽ ഗന്ധർവ്വക്ഷേത്രങ്ങൾ പണിതു.

ആറു പതിറ്റാത്തിലേറെയായി നമ്മുടെ ഭാഷാസാഹിത്യത്തിൽ ഒരേകാന്തവിസ്മയം തീർത്ത് ദൂരസ്ഥനായ ഒരു നക്ഷത്രം പോലെ നിലകൊള്ളുന്ന മേതിലിന് മാതൃഭൂമി പുരസ്കാരം ലഭിക്കുമ്പോൾ, ഈ ദേശത്തിന്റെ ഭാഷയും ഭാവനയുമാണ് ആദരിക്കപ്പെടുന്നത് -സമിതി വിലയിരുത്തി.

പാലക്കാട് സ്വദേശിയാണ്. നോർവീജിയൻ ഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ മേധാവിയായും നെസ്റ്റ് സോഫ്റ്റ്‌വേർ യു.എസ്.എ.യുടെ ചെന്നൈ ശാഖയിൽ സീനിയർ ടെക്നിക്കൽ റൈറ്ററായും ദീർഘകാലം പ്രവർത്തിച്ചു. സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്ര്വ, പെൻഗ്വിൻ, ഡിലൻ തോമസിന്റെ പന്ത്, നായകന്മാർ ശവപ്പെട്ടികളിൽ, സംഗീതം ഒരു സമയ കലയാണ്, മേതിൽ കഥകൾ, മേതിൽ കവിതകൾ, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആൽബട്രോസിന്റെ കരച്ചിൽ, സൂര്യമത്സ്യത്തെ വിവരിക്കൽ എന്നിവ പ്രധാന കൃതികളാണ്. ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ ജന്തുസ്വഭാവശാസ്ത്രം സംബന്ധിച്ച നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാതൃഭൂമിയുടെ പിറന്നാൾ ദിനമായ മാർച്ച് 18-ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi