പത്മപ്രഭാ പുരസ്കാരം ആർ. രാജശ്രീക്ക്

പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് അർഹയായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം. മുകുന്ദൻ ചെയർമാനും ഗ്രേസി, ഡോ. കെ.എസ്. രവികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു.

സമിതിയുടെ വിലയിരുത്തൽ

പ്രമേയപരമായി സ്ത്രീജീവിതത്തെ ആവിഷ്കരിക്കുമ്പോഴും പുരുഷാധികാരത്തിന്റെ ഭാവുകത്വത്തെ പിന്തുടർന്നിരുന്ന മലയാളത്തിലെ പല സ്ത്രീകേന്ദ്രിത നോവലുകളിൽ നിന്നും ഭിന്നമായി, സ്ത്രീ എന്നും പുരുഷൻ എന്നുമുള്ള വേർതിരിവുകളെ അതിജീവിച്ച അനുഭവങ്ങളുടെ ആഴവും ആഖ്യാനത്തിന്റെ വിസ്മയവും രാജശ്രീയുടെ രചനകളിൽ വേറിട്ടുനിൽക്കുന്നു എന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. ആദ്യ നോവലിൽ നിന്ന് വ്യത്യസ്തമായൊരു ലോകവും കാലവും ശില്പഭദ്രമായ ശൈലിയും രണ്ടാം നോവലായ 'ആത്രേയക'ത്തിൽ ആവിഷ്കരിച്ചിരിക്കുന്നു എന്ന് സമിതി നിരീക്ഷിച്ചു.

പ്രധാന കൃതികളും നേട്ടങ്ങളും

കണ്ണൂർ പറശ്ശിനിക്കടവിൽ ജനിച്ച ആർ. രാജശ്രീ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ' എന്ന നോവലിലൂടെയാണ് ശ്രദ്ധേയയായത്. ഈ നോവലിന് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മറ്റ് പ്രധാന കൃതികൾ:

  • നായികാ നിർമ്മിതി: വഴിയും പൊരുളും

  • അപസർപ്പകാവ്യാനുഭവങ്ങൾ: ഭാവനയും രാഷ്ട്രീയവും

  • കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങൾ

നിലവിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം ഗവേഷണ കേന്ദ്രത്തിൽ അധ്യാപികയാണ് ഇവർ. 'കമലാലക്ഷ്മണം' എന്ന പുതിയ നോവൽ ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi